നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യയും അമേരിക്കയും വ്യാപാര ചര്‍ച്ച പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ന്യൂഡല്‍ഹിയില്‍ പുനരാരംഭിച്ചു. അഞ്ചു വട്ടം ചര്‍ച്ചകള്‍ കഴിഞ്ഞപ്പോഴാണ് ഇന്ത്യയ്ക്കു മേല്‍ അമേരിക്കയുടെ കനത്ത തീരുവയുടെ പ്രഹരം വരുന്നത്. അതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷമാണ് ആറാംവട്ട ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ സംഘം ഇന്നലെ ഇന്ത്യയിലെത്തുന്നത്. എന്നന്നേക്കുമായി വഴിയടഞ്ഞു പോയി എന്നു കരുതിയിരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് ഏറെ പ്രതീക്ഷയാണ് ഇരു പക്ഷത്തിനുമേകുന്നത്. എങ്കില്‍ പോലും തീരുവയിലെ കൊള്ള അവസാനിപ്പിക്കാതെ കാരാറിലെത്താന്‍ ഇന്ത്യ തയാറാുമെന്നു കരുതുന്നവര്‍ കുറയും. അമേരിക്കയെ പ്രതിനിധീകരിച്ച് വ്യാപാരരംഗത്തെ ഇടനിലക്കാരില്‍ പ്രധാനിയായ ബ്രെന്‍ഡന്‍ ലിഞ്ചും സംഘവുമാണെത്തിയിരിക്കുന്നത്. ഇവര്‍ ഇന്ത്യന്‍ പ്രതിനിധിയും വാണിജ്യ മന്ത്രാലയത്തിലെ സ്‌പെഷല്‍ സെക്രട്ടറി രാജേഷ് അഗര്‍വാളുമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ തീരുവ സംബന്ധമായ എതിര്‍പ്പുകള്‍ക്കൊക്കെയിടയിലും വാതിലുകള്‍ മുഴുവന്‍ അടയ്ക്കാത്ത ബന്ധം സൂക്ഷിക്കുന്നതുകൊണ്ട് മാത്രമാണ് ചര്‍ച്ചയില്‍ ഇരുപക്ഷവും പ്രതീക്ഷ പുലര്‍ത്തുന്നത്. ഇന്ത്യയുമായുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനു ചര്‍ച്ചകള്‍ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വളരെ പോസിറ്റീവായി പ്രതികരിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികള്‍ തന്നെയാണെന്നു മോദി ഇതിനു മറുപടിയായി പറയുകയും ചെയ്തിരുന്നു. മഞ്ഞുരുകുന്നതിന്റെ തുടക്കമായി ഇതിനെ കാണുന്നവരും നിരവധിയായിരുന്നു.