ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാര്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തി. വ്യാഴാഴ്ചയാണ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചത്. ട്രംപുമായുള്ള ഫോണ്‍സംഭാഷണത്തിന് പിന്നാലെ ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമങ്ങളില്‍ വിവരം പങ്കുവെയ്ക്കുകയുംചെയ്തു.
‘പ്രസിഡന്റ് ട്രംപുമായി വളരെ ഊഷ്മളമായ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി ഞങ്ങള്‍ അവലോകനംചെയ്തു. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും ചര്‍ച്ചചെയ്തു. ആഗോളസമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
വ്യാപാരം, സാങ്കേതികവിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ എന്നിവയടക്കം പ്രധാന മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.അതേസമയം,പ്രധാനമന്ത്രിയുടെ സാമൂഹികമാധ്യമ കുറിപ്പില്‍ ഇത്തരം വിശദീകരണങ്ങളോ വ്യാപാരമേഖലയിലെ ചര്‍ച്ചയെക്കുറിച്ചുള്ള വിശദാംശങ്ങളോ പരാമര്‍ശിച്ചിട്ടില്ല.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായാണ് യുഎസ് ഇക്കഴിഞ്ഞ ജൂലായില്‍ ഇന്ത്യക്കെതിരേ 25% തീരുവ ചുമത്തിയിരുന്നത്. പിന്നീട് ഇത് 50 ശതമാനമാക്കി ഉയര്‍ത്തി. ഇതോടെ ഇന്ത്യയും യു.എസ്സും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടായി. യുഎസിന്റെ നടപടി തീര്‍ത്തും അന്യായമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇതേസമയം, ഇന്ത്യ റഷ്യയുമായി കൂടുതല്‍ അടുത്തു. അടുത്തിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ട്രംപും മോദിയും ഫോണില്‍ സംസാരിച്ചതെന്നതും ശ്രദ്ധേയമാണ്.

