ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മാച്ചിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക വ്യക്തമായ മേല്‍ക്കൈ. നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 48 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ മുന്നേറ്റത്തിന്റെ അമരത്തുണ്ടായിരുന്നത്. ഉച്ചഭക്ഷണത്തിനു ശേഷമുള്ള രണ്ടാം സെഷനിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിലപ്പെട്ട നാലു വിക്കറ്റുകള്‍ നഷ്ടമായത്.
38 റണ്‍സെടുത്ത് മികച്ച ഫോമിലേക്ക് ഉയരുകയായിരുന്ന എയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിക്കൊണ്ട് ബുംറയാണ് ഇന്ത്യന്‍ വെടിക്കെട്ടിനു തിരികൊളുത്തിയത്. രവീന്ദ്ര ജഡേജ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബൗമയെ യശസ്വി ജയ്‌സ്വാളിന്റെ ക്യാച്ചിനു വിട്ടുകൊടുത്തതോടെ അടുത്ത വിക്കറ്റും വീണു. അടുത്ത ഊഴം കുല്‍ദീപ് യാദവിന്റെയായിരുന്നു. രണ്ടു വിക്കറ്റുകളാണ് യാദവ് വീഴ്ത്തുന്നത്. അര്‍ധ സെഞ്ചുറിക്ക് വെറും ഒരു റണ്‍ മാത്രം വേണ്ടിയിരുന്ന ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും പുറത്താക്കിയത് കുല്‍ദീപ് യാദവ് തന്നെ. ഇതിനു പിന്നാലെ വിയാന്‍ മള്‍ഡറിനെയും മര്‍ഡര്‍ ചെയ്ത് യാദവ് കരുത്തു കാട്ടി.
ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സെനുരന്‍ മുത്തുസ്വാമിയും കൈല്‍ വെറെയ്‌നുമാണ് ക്രീസിലുള്ളത്.

