വിശാഖപട്ടണം: ഭാരതത്തിന്റെ പ്രതിരോധ കരുത്ത് വിളിച്ചോതിക്കൊണ്ട് തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ (SSBN) ഐ.എൻ.എസ് അരിധമൻ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തു. വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് അന്തർവാഹിനി ഔദ്യോഗികമായി സേനയുടെ ഭാഗമാക്കിയത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കൊപ്പം ഒന്നിലധികം ആണവ അന്തർവാഹിനികൾ സ്വന്തമായുള്ള ലോകശക്തികളുടെ നിരയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഭദ്രമായി.
അഡ്വാൻസ്ഡ് ടെക്നോളജി വെസൽ (ATV) പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ടാമത്തെ അന്തർവാഹിനിയാണിത്. ഐ.എൻ.എസ് അരിഹന്ത്, ഐ.എൻ.എസ് അരിഘാട്ട് എന്നിവയ്ക്ക് പിന്നാലെയാണ് അരിധമൻ എത്തുന്നത്.മുൻഗാമികളേക്കാൾ വലിപ്പമേറിയ അരിധമനിൽ കെ-15 (750 കി.മീ ദൂരപരിധി), കെ-4 (3500 കി.മീ ദൂരപരിധി) ബാലിസ്റ്റിക് മിസൈലുകൾ വഹിക്കാൻ സാധിക്കുന്ന എട്ട് ലോഞ്ച് ട്യൂബുകളുണ്ട്. ഇത് മുൻപത്തെ അന്തർവാഹിനികളേക്കാൾ ഇരട്ടി പ്രഹരശേഷിയാണ് നൽകുന്നത്.
കരയിൽ നിന്നും ആകാശത്ത് നിന്നും കടലിൽ നിന്നും ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള ഇന്ത്യയുടെ ശേഷി (Nuclear Triad) ഈ അന്തർവാഹിനിയുടെ വരവോടെ കൂടുതൽ കരുത്താർജ്ജിച്ചു.ശത്രുക്കളുടെ റഡാറുകളിൽ പെടാതെ ആഴക്കടലിൽ ദീർഘകാലം ഒളിച്ചിരുന്ന് ആക്രമണം നടത്താൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പക്കലുള്ള ഐ.എൻ.എസ് അരിഹന്ത് നിലവിൽ സജീവ സേവനത്തിലുണ്ട്. രണ്ടാമത്തെ അന്തർവാഹിനിയായ അരിഘാട്ട് 2024 ഓഗസ്റ്റിലാണ് കമ്മീഷൻ ചെയ്തത്. പുതിയ അന്തർവാഹിനി കൂടി എത്തിയതോടെ ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ നിരീക്ഷണവും പ്രതിരോധവും കൂടുതൽ ശക്തമാകും.

