ബുലവായോ : അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 18 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 238 റൺസ് എല്ലാവരും പുറത്തായി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരം 29 ഓവറിൽ 165 റൺസായിരുന്നു ബംഗ്ലാദേശിന്റെ പുതുക്കിയ വിജയലക്ഷ്യം.
ബംഗ്ലാദേശ് 17.2 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 90 റൺസെന്ന നിലയിൽ നിൽക്കേയാണ് മഴയെത്തിയത്. അപ്പോൾ 70 പന്തുകളും എട്ട് വിക്കറ്റുകളും കൈയിലിരിക്കേ 75 റൺസ് മാത്രമായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ മുന്നിൽ ബംഗ്ലാ കടുവകൾ പതറുകയായിരുന്നു.
28.3 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി. 51 റൺസ് നേടിയ ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീമാണ് അവരുടെ ടോപ് സ്കോറർ. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ വിഹാൻ മൽഹോത്രയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശിയും (72) അഭിജ്ഞാൻ കുന്ദുവും (80) അർധ സെഞ്ചുറി നേടി. ബംഗ്ലാദേശിനായി അൽ ഫഹദ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മികച്ച പ്രകടനം പുറത്തെടുത്ത വിഹാൻ മൽഹോത്രയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ജയത്തോടെ ഗ്രൂപ്പ് എയിൽ നിന്നും നാലു പോയിന്റുമായി ഇന്ത്യ സൂപ്പർ സിക്സ് റൗണ്ടിലേക്കു പ്രവേശനം ഉറപ്പാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ യുഎസിനെ പരാജയപ്പെടുത്തിയിരുന്നു.

