ഗോഹട്ടി: ദക്ഷിണാഫ്രിക്കയുടെ റണ്‍ മലയ്ക്കു മുന്നില്‍ മുട്ടിടിച്ചു വീണ് ഇന്ത്യ. രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍പ്പന്‍ വിജയം. 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 140 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ പരമ്പര മൊത്തം എതിരാളികള്‍ അങ്ങെടുത്തു.
കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ജയം വെറും മുപ്പത് റണ്‍സിനായിരുന്നെങ്കില്‍ ഗോഹട്ടിയിലെത്തിയപ്പോള്‍ വിജയം ആവര്‍ത്തിച്ചെന്നു മാത്രമല്ല, ആദ്യത്തേതിനെക്കാള്‍ പതിന്മടങ്ങ് മാറ്റുകൂട്ടുകയും ചെയ്തു. ഇത് ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ മണ്ണില്‍ ഒരു പരമ്പര മൊത്തമായി വിജയിക്കുന്നത്.
അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നത്. എണ്‍പത്തേഴ് പന്തില്‍ നിന്ന് ജഡേജ നേടിയത് 54 റണ്‍സ്. ആദ്യ ഇന്നിങ്‌സില്‍ 489 റണ്‍സ് അടിച്ചു കൂട്ടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 201 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സ് കളിക്കാന്‍ തുടങ്ങിയെങ്കിലും പിന്നീട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അതോടെയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് ആരംഭിക്കുന്നത്. അതാകട്ടെ ആദ്യ ഇന്നിങ്‌സിനെക്കാളും മാത്രമല്ല കൊല്‍ക്കത്തിയിലെ ആദ്യ ടെസ്റ്റിനെക്കാളും ദയനീയമാകുകയും ചെയ്തു.

