ചരിത്രത്തിലെ നാണം കെട്ട തോല്‍വിയുമായി ഈഡന്‍ ഗാര്‍ഡന്‍സ് വിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്ക് 30 റണ്‍സിന്റെ വിജയം

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. വെറും 124 റണ്‍സിന്റെ വിജയലക്ഷ്യം ചെസ് ചെയ്തിറങ്ങിയ ഇന്ത്യ മൂന്നാം ദിനമായ ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനില്‍ ഒന്നിനു പിന്നാലെ ഒന്നായി വിക്കറ്റുകള്‍ ഉപേക്ഷിച്ച് മുപ്പതു റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി.

ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഴുത്തിനു പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്കു വലിയ തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന് തുടര്‍ന്നുള്ള ചേസിങ്ങിന് ഒരു ബാറ്റ്‌സ്മാന്റെ കുറവുണ്ടായിരുന്നു. 124 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് രണ്ടാം സെഷനിലാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടതായി വന്നത്. ആ ഒരൊറ്റ സെഷനില്‍ മാത്രം ഇന്ത്യയ്ക്ക് നഷ്ടമായത് വിലപ്പെട്ട ഏഴു വിക്കറ്റുകളാണ്.

നാലു വിക്കറ്റെടുത്ത സ്പിന്‍ ബൗളര്‍ സിമോണ്‍ ഹാര്‍മറാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയെ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സിലും ഹാര്‍മര്‍ നാലു വിക്കറ്റുകള്‍ തന്നെ വീഴ്ത്തിയിരുന്നു. ഹാര്‍മറിനെ കൂടാതെ മാര്‍ക്കോ യാസന്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റുമെടുത്തു. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വിയാണ് ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയ്ക്കുണ്ടായത്. 31 റണ്‍സ് മാത്രം നേടിയ വാഷിങ്ടന്‍ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്വാളും മുഹമ്മദ് സിറാജും പുറത്താകുന്നത് ഡക്കില്‍. കുല്‍ദീപ് യാദവും കെ എല്‍ രാഹുലും പുറത്താകുന്നത് ഓരോ റണ്‍സിനും. ആകെക്കൂടി ഇന്ത്യയ്ക്കു ലഭിച്ചത് 93 റണ്‍സ്. ഇതോടെ 34 ഓവറായപ്പോഴേ ഒമ്പതു വിക്കറ്റഅ നഷ്ടത്തില്‍ ഇന്ത്യ അടിയറവു പറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *