ഏത് രാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യം

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി റഷ്യ രംഗത്തെത്തി. ഏത് രാജ്യത്തുനിന്ന് എണ്ണ വാങ്ങണമെന്നും വിതരണക്കാരെ തിരഞ്ഞെടുക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ടെന്ന് റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ഇന്ത്യ എക്കാലത്തും വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാറുണ്ടെന്നും, വിതരണക്കാരെ വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിൽ പുതുമയൊന്നുമില്ലെന്നും ക്രെംലിൻ വക്താവ് കൂട്ടിച്ചേർത്തു.

ഇന്ത്യ-അമേരിക്ക വ്യാപാരക്കരാറിന് പിന്നാലെ റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യൻ ഭരണകൂടം ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ ഇന്ത്യയിലെ റിഫൈനറികൾക്ക് റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പൂർണ്ണമായും നിർത്തലാക്കുക പ്രായോഗികമല്ലെന്നാണ് റഷ്യൻ ഊർജ്ജ വിദഗ്ധരുടെ വിലയിരുത്തൽ. റഷ്യൻ യുറാൽസ് ക്രൂഡിന്റെ സവിശേഷമായ ഘടനയും ഗുണമേന്മയും ഇന്ത്യൻ വിപണിക്ക് പ്രധാനപ്പെട്ടതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പ്രതിദിനം 1.5 മുതൽ 2 ദശലക്ഷം ബാരൽ വരെ എണ്ണയാണ് റഷ്യ ഇന്ത്യയിലേക്ക് നിലവിൽ കയറ്റുമതി ചെയ്യുന്നത്. ഇത്രയും വലിയ അളവിൽ എണ്ണ നൽകാൻ അമേരിക്കയ്ക്ക് സാധിക്കില്ലെന്ന് റഷ്യൻ നാഷണൽ എനർജി സെക്യൂരിറ്റി ഫണ്ട് വിദഗ്ദ്ധൻ ഇഗോർ യൂഷ്‌കോവ് പറഞ്ഞു. കഴിഞ്ഞ വർഷം റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് ഇന്ത്യക്കുമേൽ പിഴചുങ്കം ചുമത്തിയിരുന്ന പശ്ചാത്തലത്തിൽ, പുതിയ രാഷ്ട്രീയ നീക്കങ്ങൾ അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *