പഠാൻകോട്ട്: ഭാവിയിലുണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യൻ സൈന്യം പൂർണ സജ്ജമാണെന്നും പാക്കിസ്ഥാൻ്റെ ആണവ ഭീഷണികൾക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്നും വെസ്റ്റേൺ ആർമി കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ മനോജ് കുമാർ കത്യാർ വ്യക്തമാക്കി. പഠാൻകോട്ടിലെ മാമൂൺ മിലിറ്ററി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു.
പാക്കിസ്ഥാൻ പലപ്പോഴും ഉയർത്താറുള്ള ആണവ ഭീഷണി വെറും പാഴ് വാക്കാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ഓപ്പറേഷൻ സിന്ദൂർ’ നടന്ന സമയത്ത് പാക്കിസ്ഥാൻ ആണവ ഭീഷണി മുഴക്കുമ്പോൾ തന്നെ മറുവശത്ത് വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. തങ്ങൾ തകർന്നാൽ ലോകത്തിന്റെ പകുതി ഭാഗത്തെയും കൂടെക്കൊണ്ടുപോകും എന്ന തരത്തിലുള്ള ഭീഷണികളെ ഇന്ത്യ അർഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഒരു സംഘർഷമുണ്ടായാൽ അത് കേവലം ശത്രുവിന്റെ പോസ്റ്റുകളോ ബേസ് സ്റ്റേഷനുകളോ നശിപ്പിക്കുന്നതിൽ ഒതുങ്ങില്ല. മറിച്ച്, പാക്കിസ്ഥാനെ ലോകത്തിന് മുന്നിൽ തോൽവി സമ്മതിപ്പിക്കത്തക്ക രീതിയിൽ ഭൂമിയിൽ നിർണ്ണായകമായ വിജയം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

