ധാക്ക: ഇന്ത്യയ്ക്ക് ഇതു ലോക കിരീടങ്ങളുടെ കാലം. വനിതകളുടെ കബഡി മത്സരത്തില്‍ ലോക കിരീടം ചൂടി ഇന്ത്യ. ധാക്കയില്‍ നടന്ന ഫൈനലില്‍ ചൈനീസ് തായ്‌പെയ്യെയാണ് ഇന്ത്യന്‍ വനിതകള്‍ മുട്ടുകുത്തിച്ചത്. 35-28നാണ് ഇന്ത്യയുടെ വിജയം. ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ ലോക കിരീടം ചൂടുന്നത്. ഒരു കളിയില്‍ പോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ വനിതകള്‍ വലിയ നേട്ടം കൈയെത്തിപ്പിടിച്ചത്.
സെമി ഫൈനലില്‍ ഇന്ത്യ ഇറാനെയാണ് 33-21ന് തറപറ്റിച്ചത്. ഫൈനലില്‍ ഇന്ത്യയോടു തോറ്റ തായ്‌പെയും ഒരു കളിയില്‍ പോലും തോല്‍ക്കാതെയാണ് ഫൈനല്‍ വരെയെത്തുന്നത്. സെമിഫൈനലില്‍ ആതിഥേയരായ ബംഗ്ലാദേശിനെയാണ് ഇവര്‍ തോല്‍പിച്ചത്. ഗംഭീര വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.

