ഇന്ത്യ-ന്യൂസിലാന്‍ഡ് വ്യാപാര കരാര്‍: ലേബര്‍ പാര്‍ട്ടിയുടെ നിലപാടിനെ പ്രശംസിച്ച് ശശി തരൂര്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെ പിന്തുണയ്ക്കാനുള്ള ന്യൂസിലാന്‍ഡിലെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.ഏറെ നാളായി ചര്‍ച്ചയിലായിരുന്ന ഈ കരാര്‍ 2026-ഓടെ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത ഈ വാര്‍ത്തയെ ‘ഗെയിം ചേഞ്ചര്‍’ എന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ ഭരണകക്ഷിയായ നാഷണല്‍ പാര്‍ട്ടിയുടെ സഖ്യകക്ഷികള്‍ക്കിടയില്‍ കരാറിനെച്ചൊല്ലി ഭിന്നത നിലനില്‍ക്കെ, ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ സര്‍ക്കാരിന് വലിയ ആശ്വാസമാണ്.

കരാറിലെ പ്രധാന നിബന്ധനകള്‍ ഇതാണ്,
അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി 5,000 താല്‍ക്കാലിക തൊഴില്‍ വിസകള്‍ ന്യൂസിലാന്‍ഡ് അനുവദിക്കും.കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്ത് ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലിയും പഠനശേഷം മൂന്ന് മുതല്‍ നാല് വര്‍ഷം വരെ വര്‍ക്ക് പെര്‍മിറ്റും ലഭിക്കും.

ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ന്യൂസിലാന്‍ഡ് 100% നികുതി ഇളവ് നല്‍കും. പകരമായി വൈന്‍, മരത്തടികള്‍ എന്നിവയുടെ നികുതി ഇന്ത്യയും കുറയ്ക്കും.പ്രാദേശിക കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിച്ച് പാല്‍, പാല്‍പ്പൊടി തുടങ്ങിയ ക്ഷീരോല്‍പ്പന്നങ്ങളെ കരാറില്‍ നിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ആപ്പിള്‍, കിവി തുടങ്ങിയ പഴങ്ങള്‍ക്ക് പ്രത്യേക ക്വോട്ടാ വ്യവസ്ഥയില്‍ ഇളവ് നല്‍കും.

2026-ന്റെ ആദ്യ പകുതിയോടെ കരാറിനായുള്ള ബില്‍ അംഗീകരിക്കപ്പെടുമെന്നും വര്‍ഷാവസാനത്തോടെ ഇത് ഔദ്യോഗികമായി നടപ്പിലാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയത്തിനതീതമായി ലേബര്‍ പാര്‍ട്ടി കൈക്കൊണ്ട ഈ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് തരൂര്‍ എക്‌സില്‍ (X) കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *