ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം സര്‍വകാല റെക്കോഡിലേക്ക് ഇടിഞ്ഞതോടെ വീണ്ടും ഇടപെട്ട് റിസര്‍വ് ബാങ്ക്. ഈ വര്‍ഷം മെയ് മാസത്തിനു ശേഷം മൂല്യത്തില്‍ 6.5 ശതമാനം ഇടിവ് നേരിട്ടതോടെയാണ് ആര്‍ബിഐയുടെ നീക്കം. കരുതല്‍ ധനമായ ഡോളര്‍ വന്‍തോതില്‍ വില്‍പന നടത്തിയാണ് കൂപ്പുകുത്തലില്‍ നിന്നു രൂപയെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. ബ്ലൂംബര്‍ഗ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ നവംബര്‍ പതിനഞ്ചു വരെയുള്ള കാലയളവില്‍ 26.31 ബില്യണ്‍ ഡോളര്‍ അതായത് 2.34 ലക്ഷം കോടി ഡോളറാണ് ഇത്തരത്തില്‍ വിറ്റു മാറ്റിയത്.
അതേ സമയം വ്യപാര യുദ്ധമുണ്ടാകുന്ന സമയത്തെല്ലാം കറന്‍സിയുടെ മൂല്യം കുത്തനെ ഇടിയാറുണ്ടെന്ന് കൊട്ടക് സെക്യൂരിറ്റീസിന്റെ കറന്‍സി, കമ്മോഡിറ്റീസ് ഗവേഷണ വിഭാഗം തലവന്‍ അനിന്ധ്യ ബാനര്‍ജി പറയുന്നു. യുഎസുമായുള്ള വ്യാപാര യുദ്ധത്തിനിടെ ചൈനയുടെ കറന്‍സിയായ യുവാന്റെ മൂല്യവും കുത്തനെ ഇടിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യുഎസ് താരിഫുമായുള്ള അനിശ്ചിതാവസ്ഥയാണ് ഇപ്പോഴത്തെ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കു കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അടുത്ത വര്‍ഷം രൂപ തിരിച്ചുകയറുമെന്ന പ്രതീക്ഷയാണ് ബാനര്‍ജി പങ്കുവയ്ക്കുന്നത്.

