സൈനികശേഷി വർദ്ധിപ്പിക്കാൻ ഇന്ത്യ; 858 കോടിയുടെ പ്രതിരോധ കരാറുകളിൽ ഒപ്പിട്ടു

ന്യൂഡൽഹി: രാജ്യത്തിന്റെ വ്യോമ-നാവിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി 858 കോടി രൂപയുടെ കരാറുകളിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. റഷ്യൻ, അമേരിക്കൻ കമ്പനികളുമായാണ് ഈ സുപ്രധാന കരാറുകൾ ഉണ്ടാക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം സെക്രട്ടറി രാജേഷ് കുമാർ സിംഗ് കരാറുകളിൽ ഒപ്പിട്ടു.റഷ്യൻ ഏജൻസിയായ ജെഎസ്‌സി റോസോബോറോൺ എക്സ്പോർട്ടുമായി 445 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ഇതനുസരിച്ച് ‘തുഗുസ്ക’ (Tunguska) എന്ന വ്യോമപ്രതിരോധ മിസൈൽ സംവിധാനം ഇന്ത്യ വാങ്ങും. ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ തുടങ്ങിയ വ്യോമ ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഈ സംവിധാനം സൈന്യത്തെ സഹായിക്കും.അമേരിക്കൻ കമ്പനിയായ ബോയിംഗ് ഇന്ത്യ ഡിഫൻസ് പ്രൈവറ്റ് ലിമിറ്റഡുമായി 413 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടത്. ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ വിമാനമായ പി8ഐ (P-8I) വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനായുള്ള പിന്തുണയാണ് ഈ കരാറിലൂടെ ലഭ്യമാകുക.സൈനിക സന്നാഹങ്ങൾ ആധുനികവൽക്കരിക്കുന്നതിനും മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും ഈ പുതിയ കരാറുകൾ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *