ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ഒപ്പുവെച്ചതിന് പിന്നാലെ, ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചയായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ. 2025 സെപ്റ്റംബറിൽ അജിത് ഡോവലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടന്ന രഹസ്യ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് ഇപ്പോൾ ‘ബ്ലൂംബെർഗ്’ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ ഒരു തരത്തിലുള്ള ഭീഷണികൾക്കും വഴങ്ങില്ലെന്നും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന കരാറിനായി എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണെന്നുമുള്ള കർക്കശമായ നിലപാടാണ് ഡോവൽ സ്വീകരിച്ചത്.
ഇന്ത്യൻ കയറ്റുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയ കലുഷിതമായ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. ട്രംപിനും അദ്ദേഹത്തിന്റെ സഹായികൾക്കും ഇന്നത്തെ ഇന്ത്യയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ കഴിയില്ലെന്ന് ഡോവൽ കൂടിക്കാഴ്ചയിൽ തുറന്നടിച്ചു. ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ഒരു കരാറിനായി വേണമെങ്കിൽ ഡൊണാൾഡ് ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം റൂബിയോയെ അറിയിച്ചു.
മുൻകാലങ്ങളിൽ അമേരിക്ക ഇന്ത്യയ്ക്കെതിരെ സ്വീകരിച്ചിട്ടുള്ള ശത്രുതാപരമായ നിലപാടുകളെക്കുറിച്ചും സംഭാഷണത്തിനിടെ ഡോവൽ പരാമർശിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും തമ്മിൽ നടത്തിയ അതീവ രഹസ്യമായ ഈ കൂടിക്കാഴ്ചയിലെ വിവരങ്ങൾ പുറത്തുവന്നതോടെ, ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വീണ്ടും ചർച്ചയാവുകയാണ്. കൃത്യമായ വിലപേശലുകൾക്കും നിലപാടുകൾക്കും ഒടുവിലാണ് ഇന്ത്യയ്ക്ക് അനുകൂലമായ നിലവിലെ വ്യാപാര കരാർ യാഥാർത്ഥ്യമായതെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

