വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പൻ അർധ സെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ഇന്നിംഗ്സുകളുടെയും മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
അവസാന ഓവറുകളിലെ കെ.എൽ. രാഹുലിന്റെയും ഹർഷിത് റാണയുടെയും പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 93 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. എട്ട് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സി. ഗിൽ 56 റൺസാണ് എടുത്തത്.
ശ്രേയസ് അയ്യർ 49 റൺസ് സ്കോർ ചെയ്തു. രാഹുലും ഹർഷിതും 29 റൺസ് വീതമാണ് എടുത്തത്. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ നാല് വിക്കറ്റെടുത്തു. ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസെടുത്തത്. ഡാരൽ മിച്ചലിന്റെയും ഡിവോൺ കോൺവെയുടെയും ഹെൻറി നിക്കോൾസിന്റെയും അർധ സെഞ്ചുറികളുടെ മികലിവാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്സ്. ഹെന്റി 62 റൺസും കോൺവെ 56 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ ക്ലർക്കിന്റെ ഇന്നിംഗ്സും നിർണായകമായി. 17 പന്തിൽ 24 റൺസാണ് ക്ലർക്ക് എടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.

