ഇന്ത്യ ഏഷ്യന്‍ ഹോക്കി രാജാക്കന്‍മാര്‍, ദക്ഷിണ കൊറിയയെ തകര്‍ത്ത് കിരീടനേട്ടം

രാജ്ഗിര്‍: ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ ഫൈനലില്‍ തോല്‍പിച്ച് ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം. ആദ്യവസാനം ഇന്ത്യന്‍ ആധിപത്യം ദൃശ്യമായ കളിയിലെ ഈ വിജയത്തോടെ ഏഷ്യന്‍ ഹോക്കിയില്‍ ഇന്ത്യയുടെ സ്ഥാനവും കിരീടവും ഉറച്ചു. ഇന്ത്യ നാലാം തവണയാണ് ഇതോടെ ഏഷ്യ കപ്പ് ഹോക്കിയില്‍ ജേതാക്കളാകുന്നത്. ഈ ജയത്തോടെ ലോകകപ്പ് ഹോക്കിയിലേക്ക് ഇന്ത്യയുടെ പ്രവേശനം ഉറപ്പാകുകയും ചെയ്തു.
മത്സരം ആരംഭിച്ച് സ്റ്റേഡിയത്തില്‍ കാണികള്‍ സീറ്റുകളില്‍ അമര്‍ന്ന് ഇരിക്കുന്നതിനു മുമ്പു തന്നെ കൊറിയയുടെ നെറ്റ് ചലിച്ചു. ആദ്യമിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഇന്ത്യയ്ക്ക് പിന്നീടു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആദ്യ ഗോളോടെ ദക്ഷിണ കൊറിയ പ്രതിരോധത്തിലാകുകയും ഇന്ത്യ ആക്രമണോത്സുകമായ കളിയുടെ ട്രാക്കിലേക്ക് കയറുകയും ചെയ്തു. ആദ്യ ക്വാര്‍ട്ടര്‍ തീരുമ്പോഴും ഇന്ത്യയുടെ ലീഡ് അങ്ങനെ തന്നെ തുടരുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറിലും ഇന്ത്യയ്ക്ക് ഒരു തവണ എതിരാളിയുടെ നെറ്റ് ചലിപ്പിക്കാനായി. അതോടെ ലീഡ് രണ്ടു ഗോളുകളുടേതായി ഉയര്‍ന്നു. ദില്‍പ്രീത് സിങ്ങാണ് ഇത്തവണ ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. ദക്ഷിണ കൊറിയ പലതവണ മുന്നേറ്റം നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല. അത്ര കരുത്തുറ്റ പ്രതിരോധമായിരുന്നു ഇന്ത്യയുടേത്.
മൂന്നാം ക്വാര്‍ട്ടറില്‍ ദില്‍പ്രീത് സിങ്ങ് തന്നെ ഇന്ത്യയ്ക്കായി മൂന്നാമതൊരു ഗോള്‍ കൂടി നേടി. ഇതിനു ശേഷം കൊറിയ കളിച്ചതൊക്കെ വെറും പ്രതിരോധത്തിനു വേണ്ടിയുള്ള കളിയായി മാറി. അത്ര ശക്തമായിരുന്നു ഇന്ത്യയുടെ ആക്രമണത്തിന്റെ പോര്‍മുനകള്‍. നാലാം ക്വാര്‍ട്ടറില്‍ ഒരു പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റിക്കൊണ്ട് അമിത് രോഹിദാസ് ഇന്ത്യയുടെ കടശി ഗോളും നേടി. കളി തീരാറായപ്പോള്‍ ഇന്ത്യയുടെ ചെറിയ അലസത മുതലെടുത്ത ദക്ഷിണ കൊറിയയ്ക്ക് ഒരു ഗോള്‍ നേടാനായെങ്കിലും അതു പ്രയോജനം ചെയ്യില്ലെന്ന് അവര്‍ക്കും ഉറപ്പായിരുന്നു.