കൊളംബോ: കാഴ്ചശക്തിക്കു വെല്ലുവിളി നേരിടുന്ന വനിതകളുടെ പ്രഥമ ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം നേടി. കൊളംബോയില്‍ നടന്ന ഫൈനലില്‍ നേപ്പാളിനെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ആധികാരിക വിജയം. കൊളംബോയിലെ പി സാറ ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ സംഘം വെറും പന്ത്രണ്ട് ഓവറില്‍ തന്നെ അനായാസം ലക്ഷ്യം മറികടന്നു.
നവിമുംബൈയില്‍ വനിതകളുടെ ലോക കപ്പ് ഫൈനലില്‍ എന്നതു പോലെ തന്നെ സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ കളിക്കുന്നതിനുള്ള യോഗ്യത നേടിയത്. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങളായിരുന്നു ഇന്ത്യയ്ക്കു പുറമെ കാഴ്ച പരിമിതരുടെ ലോകകപ്പില്‍ കളിക്കാനെത്തിയത്. ഒരു കളിയില്‍ പോലും തോല്‍ക്കാതെയാണ് ഇന്ത്യന്‍ ടീമിന്റെ ജൈത്രയാത്ര.

