ബ്രിസ്‌ബേനില്‍ അണ്ടര്‍ 19ല്‍ അടിച്ചു പൊളിച്ച് ഇന്ത്യയ്ക്ക്‌ ജയം. ഇനി രണ്ട് വണ്‍ഡേ ഇന്റര്‍നാഷണല്‍ കൂടി

ബ്രിസ്‌ബേന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അണ്ടര്‍ 19 വണ്‍ഡേ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു ഗംഭീര തുടക്കം. ഇന്ന് ബ്രിസ്‌ബേന്‍ ഇയാന്‍ ഹീലി സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ മത്സരത്തില്‍ ഏഴു വിക്കറ്റിന് ഇന്ത്യ വിജയം കുറിച്ചു. ആദ്യം ബാറ്റിങ്ങ് നടത്തിയ ഓസ്‌ട്രേലിയ ടീം 226 റണ്‍സ് എന്ന ശരാശരി വിജയലക്ഷ്യം മാത്രമാണ് ഇന്ത്യയ്ക്കു മുന്നില്‍ വച്ചത്. തുടര്‍ന്നു ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഈ ലക്ഷ്യം മറികടക്കുകയും ചെയ്തു. വൈഭവ് സൂര്യവംശി, വേദാന്ത് ത്രിേേവദി, അഭിഗ്യാന്‍ കുന്ദു എന്നിവരുടെ മികച്ച സ്‌കോറുകളാണ് ഇന്ത്യയ്ക്കു തുണയായത്.
ഓപ്പണറായി ഇന്ത്യയ്ക്കു വേണ്ടിയിറങ്ങിയ വൈഭവ് സൂര്യവംശി തുടക്കം മുതല്‍ തകര്‍ത്ത് അടിക്കുകയായിരുന്നു. വെറും അഞ്ച് ഓവറായപ്പോള്‍ തന്നെ ഇന്ത്യന്‍ സ്‌കോര്‍ അമ്പതു പിന്നിട്ടിരുന്നു. അപ്പോഴേ കളിയുടെ പോക്ക് എങ്ങോട്ടാണെന്നു വ്യക്തമാകുകയും ചെയ്തിരുന്നു. 22 പന്തില്‍ നിന്ന് 38 റണ്‍സ് എടുത്ത ശേഷമാണ് വൈഭവ് പുറത്തായത്. ഇതില്‍ ഏഴു ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നു. തുടര്‍ന്നു ബാറ്റിങ്ങിനെത്തിയ ഇന്ത്യന്‍ ക്യാപറ്റന്‍ ആയുഷ് മാത്രേയും വിഹാന്‍ മല്‍ഹോത്രയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ആയുഷ് ആറു റണ്‍സിനും വിഹാന്‍ ഒമ്പതു റണ്‍സിനും പുറത്തായി. അടുത്തതായി ബാറ്റിങ്ങിനെത്തിയ വേദാന്ത് ത്രിവേദിയും അഭിഗ്യാന്‍ കുന്ദുവും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയ്ക്കു വിജയമധുരം സമ്മാനിക്കുന്നത്. വേദാന്ത് 69 പന്തില്‍ നിന്ന് 61 റണ്‍സും അഭിഗ്യാന്‍ 74 പന്തില്‍ നിന്ന് 87 റണ്‍സുമെടുത്തപ്പോള്‍ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ ഇന്ത്യയ്ക്കു മുന്നില്‍ ചെറുതായി മാറി.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ നിര്‍ദിഷ്ട അമ്പത് ഓവറും ക്രീസില്‍ നില്‍ക്കുക തന്നെ ചെയ്തു. മലയാളിയായ ജോണ്‍ ജയിംസാണ് മികച്ച പ്രകടനം ഓസ്‌ട്രേലിയയ്ക്കായി കാഴ്ച വച്ചത്. 68 പന്തുകളെ നേരിട്ട ജോണ്‍ 77 റണ്‍സെടുത്ത് അവസാനം വരെ പുറത്താകാതെ നിന്നു. സ്റ്റീവന്‍ ഹോഗന്‍ (39), ടോം ഹോഗന്‍ (41) എന്നിവരാണ് ഓസ്‌ട്രേലിയയ്ക്കായി താരതമ്യേന മികച്ച സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ഹെനില്‍ പട്ടേല്‍ മൂന്നു വിക്കറ്റെടുത്തു.
മൂന്നു വണ്‍ ഡേ ഇന്റര്‍നാഷണലും രണ്ടു ടെസ്റ്റ് മാച്ചും അടങ്ങുന്നതാണ് ഓസ്‌ട്രേലിയ-ഇന്ത്യ ടൂര്‍ണമെന്റുകള്‍. വണ്‍ഡേ മുഴുവന്‍ ബ്രിസ്‌ബേനില്‍ തന്നെയാണ് നടക്കുന്നത്. സെപ്റ്റംബര്‍ 24, 26 തീയതികളില്‍. ടെസ്റ്റ് മാച്ചില്‍ ആദ്യത്തേത് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ മുന്നു വരെയും ബ്രിസ്‌ബേനില്‍. രണ്ടാമത്തെ ടെസ്റ്റ് മാച്ച് ഒക്ടോബര്‍ ഏഴു മുതല്‍ പത്തു വരെ മാക്കേയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് അരീനയില്‍ നടക്കും.