കൊളംബോ : ശ്രീലങ്കയിലെ അലവത്തുംഗയില്‍ പ്രളയത്തില്‍ കുടുങ്ങിയ 9 മാസം ഗര്‍ഭിണിയായ സ്ത്രീയെ ഇന്ത്യന്‍ സേന രക്ഷപ്പെടുത്തി. തകര്‍ന്ന വീടുകളിലൊരിടത്തു നിന്നു രാത്രിയില്‍ കരച്ചില് കേട്ടാണ് ദൗത്യസംഘം എത്തിയത്. ഒരു പെണ്‍കുട്ടിയെയും അവരുടെ ഗര്‍ഭിണിയായ സഹോദരിയെയും അടിയന്തരമായി മെഡിക്കല്‍ ക്യാംപിലെത്തിച്ച് ചികിത്സ നല്കി. ഓപ്പറേഷന് സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യന്‍ ദുരന്തനിവാരണസംഘം പല മേഖലകളിലും ഭക്ഷണവും മരുന്നും എത്തിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി ഫോണില്‍ സംസാരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.
ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്ലന്ഡ് എന്നീ രാജ്യങ്ങളില്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ ആകെ എണ്ണം 1300 കവിഞ്ഞു. 800 പേരെയെങ്കിലും കാണാതായി.ഔദ്യോഗിക കണക്കനുസരിച്ച് ഇന്തൊനീഷ്യയില്‍ 659 പേരും ശ്രീലങ്കയില്‍ 465 പേരും തായ്ലന്ഡില് 181 പേരും മരിച്ചു. ഇന്തൊനീഷ്യയില്‍ ഏറ്റവും നാശം സുമാത്ര ദ്വീപിലാണ്. മണ്ണിടിച്ചിലില്‍ റോഡുകള്‍ തകര്‍ന്നതോടെ ഇവിടം ഒറ്റപ്പെട്ടു. കാണാതായ 475 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ദിത്വ ചുഴലിക്കാറ്റ് വന്‍ നാശംവിതച്ച ശ്രീലങ്കയില്‍ 366 പേരെ കണ്ടെത്താനുണ്ട്. കാന്‍ഡി നഗരത്തില്‍ മാത്രം 88 പേര് മരിക്കുകയും 150 പേരെ കാണാതാവുകയും ചെയ്തു. കാറ്റ് ദുര്‍ബലമായെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തായ്ലന്ഡില് പ്രളയം 15 ലക്ഷം വീടുകളിലെ 39 ലക്ഷം ജനങ്ങളെ ബാധിച്ചു.ജല, വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

