ബുദ്ധതിരുശേഷിപ്പ്‌ ദർശനം പൂർത്തിയാക്കി ഇന്ത്യൻ പ്രതിനിധി സംഘം മടങ്ങി; കൊളംബോയിൽ എത്തിയത് പത്തുലക്ഷത്തിലേറെ ഭക്തർ

കൊളംബോ: ശ്രീലങ്കയിലെ ഒരാഴ്ച നീണ്ടുനിന്ന പാവനമായ ബുദ്ധ തിരുശേഷിപ്പ്‌ദർശനം (Exposition of Holy Relics) പൂർത്തിയാക്കി ഇന്ത്യൻ പ്രതിനിധി സംഘം മടങ്ങി. ഗുജറാത്തിലെ ദേവ്നിമോരിയിൽ നിന്ന് എത്തിച്ച പാവനമായ തിരുശേഷിപ്പുകൾ കൊളംബോയിലെ പ്രശസ്തമായ ഗംഗാരാമയ ക്ഷേത്രത്തിലാണ് പൊതുദർശനത്തിന് വെച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇവയുമായി ഇന്ത്യൻ സംഘം പ്രത്യേക വിമാനത്തിൽ മടങ്ങിയത്.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പത്തുലക്ഷത്തിലധികം ഭക്തരാണ് കൊളംബോയിലെ ഗംഗാരാമയ ക്ഷേത്രത്തിൽ ബുദ്ധ തിരുശേഷിപ്പ്‌ ദർശിക്കാനെത്തിയത്. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ പ്രധാനമന്ത്രി ഹരിനി അമരസൂര്യ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പങ്കെടുത്തു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആത്മീയവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്.

മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, അരുണാചൽ പ്രദേശ് ഉപമുഖ്യമന്ത്രി ചൗന മെയിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് തിരുശേഷിപ്പുകളെ അനുഗമിച്ചത്. ഭാരതത്തിന്റെ പൈതൃകമായ ബുദ്ധധർമ്മം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാണ് ഇതോടെ പൂർത്തിയായത്. തിരുശേഷിപ്പുകൾ മടക്കിക്കൊണ്ടുപോകുന്നതിന് മുന്നോടിയായി ഭണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക ഔദ്യോഗിക ചടങ്ങുകളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *