കൊച്ചി: അമേരിക്കയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവയുടെ ആഘാതം മറികടക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ വിപണി വൈവിധ്യവല്‍ക്കരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവഴി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവയെ മറികടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നല്ല സൂചനകള്‍ നല്‍കുന്നതായി എസ്ബിഐ റിസര്‍ച്ചിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്. ചൈന, യുഎഇ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്ക് വിപണി വികസിപ്പിക്കാനാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇതിനു സാധിച്ചിട്ടുമുണ്ട്.
വിപണി വികസിപ്പിക്കുന്നതിനായി കയറ്റുമതിക്കാര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് 45000 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. അതിന്റെ പ്രയോജനം കൂടിയെടുത്താണ് പുതിയ വിപണികളിലേക്ക് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ കടന്നു കയറിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ചൈനയിലേക്കുള്ള കയറ്റുമതി 25 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. അമേരിക്കയെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ഏറ്റവും ആശ്രയിച്ചിരുന്നത് സമുദ്രോല്‍പ്പന്നങ്ങളുടെ വിപണനത്തിനായിരുന്നെങ്കില്‍ ആ ആശ്രിതത്വവും കുറയുകയാണിപ്പോള്‍. യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലുമാണ് സമുദ്രോല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണി തുറന്നു കിട്ടാന്‍ തുടങ്ങിയിരിക്കുന്നത്.

