ദുബായ് എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസ് ടേക്ക് ഓഫില്‍ തകര്‍ന്നു വീണു കത്തി, പൈലറ്റ് മരിച്ചു, എയര്‍ ഷോ നിര്‍ത്തിവച്ചു

ദുബായ്: ഇന്ത്യയുടെ അഭിമാനമായി അടുത്തയിടെ കമ്മീഷന്‍ ചെയ്ത് സൈന്യത്തിലേക്ക് ചേര്‍ത്ത തേജസ് വിമാനത്തിന് ദുബായ് എയര്‍ഷോയില്‍ ശനിദശ. എയര്‍ഷോയ്ക്കിടെ തേജസ് വിമാനം തകര്‍ന്നു വീണ് പൊട്ടിത്തെറിക്കുകയും കത്തി നശിക്കുകയും ചെയ്തു. ദുബായിലെ അല്‍ മക്തൂം വിമാനത്താവളത്തിലാണ് സംഭവം. പറന്നുയര്‍ന്ന ഉടന്‍ വിമാനം നിലംപതിക്കുകയും സ്‌ഫോടനത്തോടെ കത്തിനശിക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന വൈമാനികന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയും ചെയ്തു. വിമാനത്തിന്റെ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് പ്രകടനമാണ് അപകടത്തില്‍ കലാശിച്ചത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് തേജസ്. എയ്‌റോനോട്ടിക്കല്‍ ഡവലപ്‌മെന്റ് ഏജന്‍സി രൂപകല്‍പന ചെയ്ത് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡാണ് ഇതു നിര്‍മിച്ചത്. ഈ ലൈറ്റ് കോംബാറ്റ് ഫൈറ്റര്‍ വിമാനത്തിന് തേജസ് എന്നു പേരു നിര്‍ദേശിച്ചത് അന്തരിച്ച പ്രധാനമന്ത്രി എ ബി വാജ്‌പേയ് ആയിരുന്നു. അപകടത്തെ തുടര്‍ന്ന് ദുബായ് എയര്‍ഷോ നിര്‍ത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *