ക്യൂന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയന്‍ വംശജയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ നഴ്‌സ് കുറ്റക്കാരനെന്ന് കോടതി.2018ല്‍ ക്യൂന്‍സ്‌ലാന്‍ഡിലെ ബീച്ചില്‍ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട കേസിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.2018 ഒക്ടോബര്‍ 22നാണ് കെയ്ന്‍സില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള വാംഗെട്ടി ബീച്ചില്‍ നിന്ന് ടോയ കോര്‍ഡിംഗ്‌ലിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
അന്വേഷണത്തില്‍ ഇന്ത്യന്‍ വംശജനായ രാജ്‌വിന്ദറാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വ്യക്തമായി.ബീച്ചില്‍ വച്ച് നടന്ന വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.ഭാര്യയുമായി വഴക്കുണ്ടായതിനു പിന്നാലെയാണ് രാജ്‌വിന്ദര്‍ ബീച്ചിലേക്ക് പോയത്.വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഇയാള്‍ കത്തി കയ്യില്‍ കരുതിയിരുന്നു. ഈ സമയത്താണ് ഫാര്‍മസി ജീവനക്കാരിയായ ടോയ നായയുമായി ബീച്ചില്‍ നടക്കാനിറങ്ങിത്.
ടോയയുടെ നായ രാജ്‌വിന്ദര്‍ സിങ്ങിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങി.ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കായി. തര്‍ക്കത്തിനൊടുവില്‍ രാജ്‌വിന്ദര്‍ തന്റെ കയ്യിലുള്ള കത്തി ഉപയോഗിച്ച് അവളെ കുത്തി ക്കൊലപ്പെടുത്തുകയും ബീച്ചില്‍ തന്നെ കുഴിച്ചിടുകയുമായിരുന്നു.നായയെ സമീപത്തുള്ള ഒരു മരത്തില്‍ കെട്ടിയിടുകയും ചെയ്തു.
കൊലപാതകത്തിന് തൊട്ടടുത്ത ദിവസം ജോലി ഉപേക്ഷിച്ച് രാജ്വീന്ദര്‍ സിംഗ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നു.നാല് വര്‍ഷത്തോളം പഞ്ചാബില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ 2022-ല്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഓസ്ട്രേലിയയ്ക്ക് കൈമാറുകയും ചെയ്തു. നാലാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ജൂറി ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

