ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇനി ആധുനിക രൂപത്തില്‍. പാസ്പോര്‍ട്ട് സ്മാര്‍ട്ടാകുകയാണ്, ഹൈടെക്കും ആകുകയാണ്. ഇ പാസ്പോര്ട്ടുകളായിരിക്കും ഇനി പുറത്തിറക്കുക. പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 എന്ന പദ്ധതി പ്രകാരമാണ് പുതിയ ഇനം പാസ്പോര്‍ട്ടുകളിലേക്കുള്ള മാറ്റം കൊണ്ടുവരിക. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ പാസ്പോര്ട്ടുകളാണിവ.
വ്യക്തിഗത തിരിച്ചറിയല്‍ വിവരങ്ങളായ ബയോമെട്രിക് ഡാറ്റ പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്തു വച്ചിരിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പുകള്‍ സഹിതമായിരിക്കും ഇവ പാസ്പോര്‍ട്ട് ഉടമകളുടെ കൈവശം എത്തുക. ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഐഡന്റിറ്റി പരിശോധന വേഗത്തിലും കൂടുതല്‍ വിശ്വസനീയമായ രീതിയിലും നടത്താന്‍ ഇതുവഴി കഴിയും. തട്ടിപ്പ്, കൃത്രിമം, കേടാകാനുള്ള സാധ്യത എന്നിവയെല്ലാം തടയാന്‍ ഇതു കൂടുതല്‍ ഫലപ്രദമാണ്. ഒന്നിലധികം പാസ്പോര്ട്ടുകള് കൈവശം വയ്ക്കുന്നതു തടയാനും ഇതിലൂടെ സാധിക്കും. ഒരേ ബയോമെട്രിക് വിവരങ്ങള്‍ ഒന്നിലധികം പാസ്പോര്‍ട്ടുകളില്‍ ഉപയോഗിക്കുന്നത് കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ തിരിച്ചറിയുന്നതു മൂലമാണിത്.
നിലവില്‍ ഘട്ടം ഘട്ടമായി പുതിയതായി ഇഷ്യു ചെയ്യുന്ന പാസ്പോര്ട്ടുകള് ഇ പാസ്പോര്ട്ടുകളാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ നിലവില്‍ ഇഷ്യു ചെയ്തിരിക്കുന്ന പാസ്പോര്ട്ടുകള് കൂടി പുതിയ സംവിധാനത്തിലേക്കു കൊണ്ടുവരുന്നതായിരിക്കും. അതോടെ രാജ്യത്തു മുഴുവന്‍ ഇ പാസ്പോര്ട്ടുകള് മാത്രമായിരിക്കും ഉണ്ടായിരിക്കുക.

