മുംബൈ: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ മൂല്യം ഇടിഞ്ഞ കറന്‍സിയായി ഇന്ത്യന്‍ രൂപ. ഡോളറുമായുള്ള വിനിമയത്തില്‍ ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 4.3 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. യുഎസുമായി വ്യാപാര കരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ ഇനിയും ഇടിയുമെന്നും വിദേശ കറന്‍സി വിനിമയ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇന്നലെ ഒരു ഡോളറിന് 89.17 രൂപ എന്ന നിലയിലാണ് വ്യാപാരം ചെയ്യപ്പെട്ടത്.
ചൈനയുടെ യുവാന്‍, ഇന്തോനേഷ്യയുടെ റുപിയ തുടങ്ങിയ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച വളരെ ശക്തമാണെന്ന് എവിപി ചോയ്‌സ് വെല്‍ത്തിന്റെ അക്ഷയ് ഗാര്‍ഗ് പറയുന്നു. അതേസമയം ആഭ്യന്തര നയങ്ങളെ തുടര്‍ന്ന് ഇടിവു നേരിടുന്ന ജപ്പാന്റെ യെന്‍, കൊറിയയുടെ വോണ്‍ തുടങ്ങിയ കറന്‍സികള്‍ രൂപയെക്കാള്‍ ദുര്‍ബലാവസ്ഥയിലാണെങ്കിലും ഇന്ത്യന്‍ രൂപയുടെ മൂല്യം കൂടണമെങ്കില്‍ രാജ്യത്തിന്റെ ആഭ്യന്തരാവസ്ഥയെക്കാള്‍ ഡോളറിന്റെ മൂല്യമാണ് പ്രധാനമായി വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കയറ്റുമതി വരുമാനം കുറഞ്ഞതുകൊണ്ടല്ല, ഓഹരി വിപണിയിലടക്കം വിദേശ നിക്ഷേപകരുടെ കൂട്ട വില്‍പന കാരണമാണ് ഇന്ത്യന്‍ രൂപ മാസങ്ങളായി കടുത്ത സമ്മര്‍ദം നേരിടുന്നതെന്ന് ആക്‌സിസ് ബാങ്കിന്റെ ബിസിനസ് ആന്‍ഡ് ഇക്കണോമിക് റസര്‍ച്ച് വൈസ് പ്രസിഡന്റ് തനയ് ദലാള്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ രൂപയുടെ മൂല്യം നാലു ശതമാനത്തിലേറെ ഇടിഞ്ഞപ്പോള്‍ ഇന്തോനേഷ്യയുടെ റുപിയ 2.9 ശതമാനവും ഫിലിപ്പീന്‍സിന്റെ പെസോ 1.3 ശതമാനവും മാത്രമാണ് ഇടിഞ്ഞത്.

