യുഎസ് പൊലീസ് വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

സിയാറ്റിൽ : യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ (ഇന്ത്യൻ രൂപ 262 കോടി) നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ മുൻസിപ്പാലിറ്റി. 2023ലാണ് അമിത വേഗതയിലെത്തിയ പൊലീസ് വാഹനമിടിച്ച് ആന്ധ്രപ്രദേശ് സ്വദേശിനിയായ ജാൻവി കണ്ഡുല(23) കൊല്ലപ്പെട്ടത്. ദീർഘനാളത്തെ നിയമനടപടികൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് കുടുംബത്തിന് അനുകൂലമായ വിധി വന്നത്.

പൊലീസ് ഓഫിസർ കെവിൻ ഡേവ് ഓടിച്ച പട്രോളിങ് വാഹനം ജാൻവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജാൻവി 100 അടിയോളം അകലേക്ക് തെറിച്ചുവീഴുകയായിരുന്നു.. വാഹനം ഓടിച്ചിരുന്ന കെവിൻ ഡേവിനെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയും 5,000 ഡോളർ പിഴ ശിക്ഷ വിധിക്കുകയും ചെയ്‌തിരുന്നു.

ജാൻവിയുടെ വിയോഗം ഹൃദയഭേദകമാണെന്നും നഷ്ടപരിഹാരം കുടുംബത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പറഞ്ഞു. സിയാറ്റിലിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവിദ്യാർഥിനിയായിരുന്നു ജാൻവി. ബിരുദം നേടാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *