ന്യൂഡല്‍ഹി: ലണ്ടനില്‍ നിനന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യന്‍ യുവതിയെ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ പതിനെട്ടു മണിക്കൂര്‍ തടഞ്ഞു വച്ചതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള പെമ വാങ്‌തോങ്‌ദോക്ക് തനിക്കു നേരിട്ട ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്നും ചൈനയുടെ ഭാഗമാണെന്നും പറഞ്ഞുകൊണ്ടാണ് വിമാനത്താവള അധികൃതര്‍ പെമയുടെ പാസ്‌പോര്‍ട്ട് അസാധുവെന്നു പ്രഖ്യാപിച്ചത്. അതോടെ വിമാനത്താവളത്തില്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. ലണ്ടനില്‍ നിന്നു ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ വിമാനം മാറിക്കയറുന്നതിനാണ് യുവതി ഷാങ്ഹായ് വിമാനത്താവളത്തില്‍ ഇറങ്ങുന്നത്. ജപ്പാനിലേക്കുള്ള വിമാനത്തിനായി മൂന്നു മണിക്കൂര്‍ കാത്തിരിക്കണമായിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിച്ചില്ലെന്നു മാത്രമല്ല, ജപ്പാനില്‍ നിന്നുള്ള വീസ കൈവശമുണ്ടായിട്ടും ജപ്പാനിലേക്കുള്ള വിമാനത്തില്‍ കയറാന്‍ അനുവദിച്ചതുമില്ല. ഒടുവില്‍ ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് യുവതിക്കു മോചനം ലഭിക്കുന്നത്.

