സിഡ്‌നി: സിഡ്‌നിയിലെ ബര്‍വുഡില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണ ശ്രമം തടയുന്നതിനിടെ ഇന്ത്യന്‍ വംശജനായ സെയ്ഫ് മുഹമ്മദ് ഷായ്ക്ക് മാരകമായി കുത്തേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷായുടെ നില ഗുരുതരമായി തുടരുന്നു. പോലീസ് പറയുന്നതനുസരിച്ച് ടീനേജുകാരായ ഏതാനും കുട്ടികള്‍ പുലര്‍ച്ചെ രണ്ടരയോടെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ പ്രവേശിച്ച് അവിടെ വില്‍പനയ്ക്കു വച്ചിരുന്ന സാധനങ്ങള്‍ മോഷ്ടിക്കുന്നതിനു ശ്രമിക്കുകയായിരുന്നു. അതു തടയുന്നതിനുള്ള ശ്രമത്തിനിടെയാണ് ഷായ്ക്ക് കുത്തേറ്റത്. ഇതേ സൂപ്പര്‍ മാര്‍ക്കറ്റിലെ ഒരു ജീവനക്കാരനായിരുന്നു ഇയാള്‍. സിഡ്‌നിയിലെ റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പോലീസ് അധികൃതര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്നു സംശയിക്കുന്ന രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും പിടികൂടിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് പതിമൂന്നും പതിനാറും വയസും പെണ്‍കുട്ടിക്ക് പതിനഞ്ച് വയസുമാണ് പ്രായം. ഇവരെ ബ്ലാക് ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുവന്ന് ചോദ്യം ചെയ്യുകയാണ്. സംഘം ചേര്‍ന്നു മോഷ്ടിക്കുക, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നീ വകുപ്പുകളാണ് നിലവില്‍ ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
ഇവരെ പിടികൂടിയതിനു ശേഷം ഇന്നലെ വൈകുന്നേരത്തോടെ പതിനാലു വയസുള്ള ഒരു ആണ്‍കുട്ടിയെക്കൂടി പിടികൂടിയിട്ടുണ്ട്. ഇയാളാണ് സെയ്ഫിനെ കുത്തിയതെന്നു കരുതുന്നു. ഇയാളെയും ബ്ലാക് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

