യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍

ദില്ലി: യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. എക്കാലത്തെയും താഴ്ന്ന നിലയായ 89.73 ലാണ് ഇന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം. രണ്ടാഴ്ച മുമ്പ് രേഖപ്പെടുത്തിയ 89.49 എന്ന ഇടിവിനേക്കാള്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ എങ്ങുമെത്താതും വ്യാപാര കമ്മി കുത്തനെ വര്‍ദ്ധിക്കുന്നതും വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള ഒഴുക്കും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായെന്ന് വിദഗ്ധര്‍ പറയുന്നു.

വിദേശ നിക്ഷേപകര്‍ ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് 16 ബില്യണ്‍ ഡോളറിലധികം പിന്‍വലിച്ചിട്ടുണ്ട്.ഒക്ടോബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി എക്കാലത്തെയും ഉയര്‍ന്ന നിലയിലുമാണ്.കഴിഞ്ഞ മാസം യുഎസ്,ഇന്ത്യ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇന്ത്യന്‍ കയറ്റുമതിക്കുള്ള ഉയര്‍ന്ന താരിഫ് ഉടന്‍ കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഒരു വ്യക്തമായ കരാറിന്റെ അഭാവം രൂപയുടെ മൂല്യത്തെ കുറയ്ക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് സൂചന.

സെപ്റ്റംബറില്‍ ആര്‍ബിഐ വിദേശനാണ്യ വിപണിയില്‍ 7.91 ബില്യണ്‍ ഡോളറിന്റെ അറ്റവില്‍പ്പന നടത്തിയതായി ഏറ്റവും പുതിയ ആര്‍ബിഐ ഡാറ്റ കാണിക്കുന്നു. ഇന്ത്യ യുഎസുമായി ഒരു വ്യാപാര കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞാല്‍ രൂപയുടെ സമ്മര്‍ദ്ദം കുറയുമെന്ന് അടുത്തിടെ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *