ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ വ്യേമാതിര്‍ത്തിക്ക് തൊട്ടടുത്ത്, ഡിസംബര്‍ 10, 11 തീയതികളില്‍ പാകിസ്താനെ വിറപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന.
അറബിക്കടലിന് മുകളില്‍ വമ്പന്‍ വ്യോമാഭ്യാസം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. കറാച്ചിയില്‍ നിന്ന് വെറും 200 നോട്ടിക്കല്‍ മൈലും, പാക്കിസ്ഥാന്‍ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ നിന്ന് ഏകദേശം 70 നോട്ടിക്കല്‍ മൈലുകള്‍ മാത്രം അകലെയാണ് അഭ്യാസം നടക്കുന്നത്. തന്ത്രപരമായി വളരെ സുപ്രധാനമായ ഈ മേഖലയില്‍ ഇന്ത്യയുടെ വ്യോമശേഷി പ്രദര്‍ശിപ്പിക്കാനുള്ള നീക്കമാണിത്.
അറബിക്കടലിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് സംഘടിപ്പിക്കപ്പെടുന്ന ഈ വ്യോമാഭ്യാസത്തില്‍ സുഖോയ് 30 എം കെ ഐ, റഫാല്‍, ജാഗ്വര്‍ തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങള്‍ പങ്കെടുക്കും. യുദ്ധസാഹചര്യങ്ങള്‍, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍, ശത്രുക്കളുടെ വ്യോമാക്രമണത്തെ പ്രതിരോധിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ തന്ത്രപരമായ പരിശീലനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പാക്കിസ്ഥാന്റെ തീരദേശ വ്യോമാതിര്‍ത്തിക്ക് ഇത്ര അടുത്ത് നടക്കുന്ന ഏറ്റവും വലിയ വ്യോമാഭ്യാസങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. പ്രദേശത്തെ സുരക്ഷാ സന്തുലനം വ്യക്തമാക്കുക മാത്രമല്ല, സമുദ്രാതിര്‍ത്തിയിലെ ഇന്ത്യന്‍ നിയന്ത്രണ ശക്തി ഉറപ്പാക്കുന്ന സന്ദേശം നല്‍കാനും ഇത് സഹായിക്കും എന്നതാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.

