ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യമായ പിഎസ്എല്‍വി-സി62 ജനുവരി 12-ന് വിക്ഷേപിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഡിആര്‍ഡിഒ (DRDO) വികസിപ്പിച്ച അത്യാധുനിക ഇമേജിംഗ് ഉപഗ്രഹമായ ‘അന്വേഷ’ (EOSN1) ആണ് ഈ ദൗത്യത്തിലെ പ്രധാനി.സാധാരണ ക്യാമറകള്‍ക്ക് കാണാന്‍ കഴിയാത്ത നൂറുകണക്കിന് പ്രകാശ തരംഗദൈര്‍ഘ്യങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ള ‘ഹൈപ്പര്‍സ്പെക്ട്രല്‍’ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് അതിര്‍ത്തി സുരക്ഷയ്ക്കും കാലാവസ്ഥാ നിരീക്ഷണത്തിനും ഇന്ത്യയ്ക്ക് വലിയ കരുത്താകും.
ബഹിരാകാശത്ത് ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ
ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ മറ്റൊരു പ്രധാന പരീക്ഷണവും ഈ ജനുവരിയില്‍ നടക്കുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ‘ഓര്‍ബിറ്റ് എയ്ഡ്’ എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ‘ആയുല്‍സാറ്റ്’ എന്ന ഉപഗ്രഹം ഈ ദൗത്യത്തിന്റെ ഭാഗമാണ്. ബഹിരാകാശത്തുവെച്ച് തന്നെ ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇത് വിജയിച്ചാല്‍ ഉപഗ്രഹങ്ങളുടെ ആയുസ്സ് ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ബഹിരാകാശ മാലിന്യങ്ങള്‍ കുറയ്ക്കാനും സാധിക്കും.
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ഭാഗമായി 2026-ല്‍ രണ്ട് വലിയ ‘ആളില്ലാ’ പരീക്ഷണ വിക്ഷേപണങ്ങള്‍ നടക്കുമെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ആദ്യ ദൗത്യത്തില്‍ ‘വ്യോമിത്ര’ എന്ന റോബോട്ടിനെയാണ് ബഹിരാകാശത്തേക്ക് അയക്കുന്നത്. പേടകം സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള പാരച്യൂട്ട് പരീക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. 2027-ല്‍ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക വര്‍ഷമാണ് 2026.

