ഭാരതത്തിന്റെ സമുദ്ര പാരമ്പര്യം ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി വിളിച്ചോതിക്കൊണ്ട് ഒരു ചരിത്ര യാത്രയ്ക്ക് തുടക്കമിടുന്നു. എഞ്ചിനില്ലാതെ, ആണികളോ മറ്റ് ലോഹഭാഗങ്ങളോ ഉപയോഗിക്കാതെ തുന്നിയെടുത്ത ‘ഐഎന്എസ്വി കൗണ്ഡിന്യ’ ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നും ഒമാനിലെ മസ്കറ്റിലേക്ക് തിരിക്കും. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതത്തിലെ വ്യാപാരികള്‍ അറബിക്കടല്‍ കീഴടക്കിയ അതേ പാതയിലൂടെ, അതേ സാങ്കേതിക വിദ്യയുമായി ഇന്ത്യന്‍ നാവികസേന നടത്തുന്ന ഈ സമുദ്രയാത്ര ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
അഞ്ചാം നൂറ്റാണ്ടിലെ അജന്ത ഗുഹാചിത്രങ്ങളില്‍ രേഖപ്പെടുത്തിയ കപ്പലുകളുടെ രൂപകല്‍പ്പനയില്‍ നിന്നുമാണ് ‘കൗണ്ഡിന്യ’യ്ക്ക് ജീവന് നല്‍കിയത്. ലോകത്ത് ഇന്ന് നിലവിലുള്ള ഏക ‘തുന്നിയ കപ്പല്‍’ എന്ന സവിശേഷതയും ഇതിനുണ്ട്. ലോഹ ആണികള്‍ക്ക് പകരം ചകിരികയറും ചകിരിനാരും ഉപയോഗിച്ച് മരപ്പലകകള്‍ തുന്നിച്ചേര്‍ത്താണ് ഈ കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

