ദാവോസ്: റഷ്യൻ എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഇന്ത്യൻ ഇറക്കുമതിക്കുമേൽ യുഎസ് അടിച്ചേൽപ്പിച്ച 25 ശതമാനം തീരുവ എടുത്തുകളയുമെന്ന സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ്. യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ കാരണമാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചതെന്നും ഇത് യുഎസ് നയത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്ന് യുഎസിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് മൊത്തം 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഇതിലെ 25 ശതമാനം ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഏർപ്പെടുത്തിയതാണ്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര തർക്കങ്ങൾ രൂക്ഷമായി.
ഇന്ത്യയിൽനിന്നു സംസ്കരിച്ച എണ്ണ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളെയും ബെസന്റ് വിമർശിച്ചു. തങ്ങൾക്കെതിരേയുള്ള യുദ്ധത്തിനുതന്നെ പണം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുടെ ഈ വ്യാപാരരീതിയെ വിരോധാഭാസമെന്നും വിഡ്ഢിത്തമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റഷ്യൻ അസംസ്കൃത എണ്ണ ഉപയോഗിച്ച് നിർമിച്ച പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിലൂടെ യൂറോപ്പ് റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് പരോക്ഷമായി സാന്പത്തികസഹായം നൽകുകയാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബെസെന്റിന്റെ പ്രഖ്യാപനം.

