ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയും വിജയവും ലോകത്തിന് കൂടുതൽ സ്ഥിരതയും സമൃദ്ധിയും സുരക്ഷിതത്വവും നൽകുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്ത ശേഷം എക്സിലൂടെ പ്രതികരിക്കുകയായിരുന്നു അവർ. റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി എത്തിയത് ജീവിതത്തിലെ വലിയ ബഹുമതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകൾക്കിടെയാണ് ഈ സന്ദർശനം. “എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്” എന്നാണ് ഇന്ത്യൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇതിനെ വിശേഷിപ്പിച്ചത്. 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്നതും ലോക ജിഡിപിയുടെ നാലിലൊന്ന് വിഹിതം കൈയ്യാളുന്നതുമായ ഒരു വിപണിയാണ് ഈ കരാറിലൂടെ യാഥാർത്ഥ്യമാകുന്നത്.
കരാറിന്റെ ഭാഗമായി യൂറോപ്പിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി നികുതി 110 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഇന്ത്യ കുറച്ചേക്കും. ഇത് വോക്സ്വാഗൺ, മെഴ്സിഡസ് ബെൻസ്, ബി.എം.ഡബ്ല്യു തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ വലിയ അവസരങ്ങൾ നൽകും.ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, കെമിക്കൽസ് എന്നിവയ്ക്ക് യൂറോപ്യൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഈ കരാർ സഹായിക്കും.
2031-ഓടെ യൂറോപ്പുമായുള്ള വ്യാപാരത്തിൽ ഇന്ത്യയ്ക്ക് 50 ബില്യൺ ഡോളറിന്റെ അധിക നേട്ടം ഉണ്ടായേക്കുമെന്ന് വിദഗ്ധർ കരുതുന്നു.കേവലം വ്യാപാരം മാത്രമല്ല, പ്രതിരോധം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിലും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം ഈ സന്ദർശനത്തോടെ ശക്തമാകും.
ജനുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

