ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും കൂട്ടത്തോടെ റദ്ദാക്കും;ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും കൂട്ടത്തോടെ റദ്ദാക്കും.രാജ്യത്തെ പല വിമാനത്താവളങ്ങളിലും ബുക്ക് ചെയ്ത വിമാനയാത്ര നടക്കാതെ യാത്രക്കാര്‍ വലയുകയാണ്.ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താന്‍ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.

550ലധികം വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ ഇന്നലെ റദ്ദാക്കിയത്. 20 വര്‍ഷം ഇന്‍ഡിഗോയുടെ ചരിത്രത്തില്‍ ഇത്രയധികം വിമാനങ്ങള്‍ റദ്ദാക്കുന്നത് ആദ്യമായാണ്. പ്രതിദിനം ഏകദേശം 2,300 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. ഇതില്‍ 19.7 ശതമാനം വിമാനങ്ങള്‍ മാത്രമാണ് ബുധനാഴ്ച കൃത്യസമയത്ത് പറന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡിജിസിഎയും മുതിര്‍ന്ന ഇന്‍ഡിഗോ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്.

പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കാന്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സര്‍വീസുകള്‍ താളംതെറ്റാന്‍ കാരണം. കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ ഇന്നലെ 11 മണിക്കൂറിലേറെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വലഞ്ഞത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ അഞ്ചു മണിക്കൂറുകളോളം വൈകിയതു യാത്രക്കാരെ വലച്ചു.

Leave a Reply

Your email address will not be published. Required fields are marked *