ദുബായ് : ദുബായ് ഐലന്‍ഡ്സില്‍ നടന്ന പ്രഥമ വനിതാ ട്രയാത്ത്ലോണ്‍ ലോകകപ്പ് ഫൈനല്‍ മത്സരം രാജ്യാന്തര കായികരംഗത്ത് ദുബായിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന ഒന്നായി മാറി. വേള്‍ഡ് ട്രയാത്ത്ലണ് ഫെഡറേഷനുമായി സഹകരിച്ച് ഷെയ്ഖ ഹിന്ദ് സ്പോര്‍ട്സ് ഇനിഷ്യേറ്റീവിന് കീഴില്‍ ദുബായ് സ്പോര്‍ട്സ് കൗണ്‍സിലാണ് വനിതകള്‍ക്കു മാത്രമുള്ള ഈ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചത്.
എലൈറ്റ് റേസില്‍ 58 മിനിറ്റ് 30 സെക്കന്‍ഡില്‍ വലന്റീന റിയാസോവ വിജയം നേടി. ഹന്ന മക്സിമാവ 58 മിനിറ്റ് 43 സെക്കന്‍ഡില്‍ രണ്ടാമതും ഹംഗറിയുടെ പെസ്ലെഗ് ഡൊമിനിക്ക 59 മിനിറ്റ് 4 സെക്കന്‍ഡില്‍ മൂന്നാമതും എത്തി. ദുബായിലെ മികച്ച അന്തരീക്ഷം ഫൈനല്‍ അവിസ്മരണീയമാക്കിയെന്നും ലോകമെമ്പാടുമുള്ള വനിതാ കായികതാരങ്ങള്‍ക്ക് ഈ ഇവന്റ് പ്രതീകാത്മക പ്രാധാന്യം നല്‍കുന്നുണ്ടെന്നും റിയാസോവ വിജയത്തിന് ശേഷം പറഞ്ഞു.

