കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസും എക്സൈസും നടത്തിയ പരിശോധനയിൽ ഒമ്പതുപേർക്കെതിരെ കേസെടുത്തു. ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ താമസിച്ച മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശന്റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. നൂറിലേറെ ഉദ്യോഗസ്ഥർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളായി. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നാട്ടുകാരെയും വിവിധ സംഘടനകളെയും ഉൾപ്പെടുത്തിക്കൊണ്ട് ജാഗ്രത സമിതി രൂപീകരിക്കും. തൊഴിലാളികളുടെ ഇടയിലുള്ള മയക്കുമരുന്ന്, മദ്യം, ലൈംഗിക കുറ്റകൃത്യങ്ങളടക്കം സമഗ്രമായി പഠിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

