കേരളത്തിന്റെ വികസനത്തിനും ആരോഗ്യ-സാമൂഹിക സുരക്ഷയ്ക്കും പുതിയ ദിശാബോധം നൽകുന്ന വിപുലമായ പ്രഖ്യാപനങ്ങളുമായാണ് ഇത്തവണത്തെ ബജറ്റ് എത്തിയിരിക്കുന്നത്. കാരുണ്യ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്ത കുടുംബങ്ങളെ കൂടി ചികിത്സാ പരിരക്ഷയുടെ കീഴിൽ കൊണ്ടുവരുന്ന പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. 50 കോടി രൂപ വകയിരുത്തിയ ഈ പദ്ധതിയിൽ ചെറിയ തുക പ്രീമിയം അടച്ച് സാധാരണക്കാർക്ക് അംഗങ്ങളാകാൻ സാധിക്കും. കൂടാതെ, സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മനുഷ്യ-വന്യമൃഗ സംഘർഷം പരിഹരിക്കുന്നതിനായി ‘കേരള പദ്ധതി’ എന്ന പേരിൽ 100 കോടി രൂപയുടെ ബൃഹത് പാക്കേജും വനവൽക്കരണത്തിനായി 50 കോടി രൂപയും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു.
സ്ത്രീശാക്തീകരണ മേഖലയ്ക്ക് കൂടുതൽ കരുത്തുപകരാൻ കുടുംബശ്രീയുടെ ബജറ്റ് വിഹിതം 95 കോടി രൂപയായി വർധിപ്പിച്ചിട്ടുണ്ട്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായുള്ള പദ്ധതികൾ വരും വർഷങ്ങളിലും ശക്തമായി തുടരുമെന്നും മന്ത്രി ഉറപ്പുനൽകി. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി 75 കോടി രൂപയുടെ പാക്കേജും ശബരിമല മാസ്റ്റർ പ്ലാനിനും ‘ക്ലീൻ പമ്പ’ പദ്ധതിക്കുമായി 30 കോടി രൂപ വീതവും വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി രണ്ട് കോടി രൂപ ഗ്യാപ് ഫണ്ടായും അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് കേരളത്തിന്റെ വികസന ഗ്രാഫിനെ ഉയർത്താനാണ് ഈ ബജറ്റ് ശ്രമിക്കുന്നത്.
വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും ഒരുപോലെ സുരക്ഷാ കവചമൊരുക്കുന്ന വൻ പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്. സംസ്ഥാനത്തെ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് കുട്ടികൾക്ക് അപകട ഇൻഷുറൻസ് ഏർപ്പെടുത്തുമെന്നതാണ് ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. പ്രതിവർഷം 15 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയൊരു ചുവടുവെപ്പാണ്.

