സിഡ്നി: ഓസ്ട്രേലിയൻ വായ്പാ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി പലിശനിരക്ക് വീണ്ടും വർദ്ധിപ്പിച്ചു. ലേബർ സർക്കാർ അധികാരമേറ്റതിനുശേഷം ഇത് പതിമൂന്നാം തവണയാണ് റിസർവ് ബാങ്ക് (RBA) പലിശനിരക്ക് ഉയർത്തുന്നത്. സർക്കാരിന്റെ അമിതമായ ചിലവഴിക്കൽ നയങ്ങളാണ് പണപ്പെരുപ്പം കുറയാത്തതിനും പലിശനിരക്ക് വർദ്ധനവിനും കാരണമാകുന്നതെന്ന വിമർശനം ഇതോടെ ശക്തമായിരിക്കുകയാണ്.
പുതിയ വർദ്ധനവോടെ, ലേബർ സർക്കാർ അധികാരത്തിൽ വന്ന സമയത്തെ അപേക്ഷിച്ച് ഒരു ശരാശരി മോർട്ട്ഗേജ് ഉടമ പ്രതിവർഷം $23,000 അധികമായി പലിശയിനത്തിൽ മാത്രം നൽകേണ്ടി വരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം, വാടക വർദ്ധനവ് എന്നിവയാൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് മേലാണ് ഈ അധികഭാരം അടിച്ചേൽപ്പി ക്കപ്പെട്ടിരിക്കുന്നത്. സർക്കാർ ചിലവഴിക്കലും പണപ്പെരുപ്പവും ഈ പലിശ വർദ്ധനവ് അപ്രതീക്ഷിതമല്ലെന്നും മറിച്ച് ലേബർ സർക്കാരിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ നേരിട്ടുള്ള ഫലമാണെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ ചിലവഴിക്കൽ സാധാരണ നിലയിലേക്ക് കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സർക്കാരിന്റെ “ഫിസ്ക്കൽ ഗാർഡ് റെയിലുകൾ” തകർന്നിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പണപ്പെരുപ്പം കുറയ്ക്കാനായി റിസർവ് ബാങ്ക് വിപണിയിൽ നിന്ന് പണം പിൻവലിക്കുമ്പോൾ (പലിശ കൂട്ടുമ്പോൾ), മറുവശത്ത് സർക്കാർ വൻതോതിൽ പണം വിപണിയിലേക്ക് ഒഴുക്കുന്നത് പലിശനിരക്ക് ദീർഘകാലം ഉയർന്ന നിലയിൽ തുടരാൻ കാരണമാകുന്നു
റിസർവ് ബാങ്കിന്റെ കണക്കുകൂട്ടൽ പ്രകാരം, അടുത്ത രണ്ടര വർഷത്തേക്ക് കൂടി പണപ്പെരുപ്പം നിശ്ചിത ലക്ഷ്യത്തേക്കാൾ ഉയർന്ന നിലയിൽ തന്നെ തുടരും. ഓസ്ട്രേലിയൻ കുടുംബങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കാൻ നിർബന്ധിതരാകുമ്പോൾ, സർക്കാർ ചിലവഴിക്കുന്ന ഓരോ ഡോളറിനും സാധാരണക്കാർ പലിശയായും വിലക്കയറ്റമായും വലിയ വില നൽകേണ്ടി വരുന്നു.
ഈ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള കൂടുതൽ വിശകലനങ്ങൾക്കും വാർത്തകൾക്കുമായി ‘മലയാളി പത്രം’ പിന്തുടരു

