ഇനി പെട്രോള്‍, ഡീസല്‍ വിലകുറയുന്ന നാളുകള്‍, ക്രൂഡ് വില 52 ഡോളറിലേക്കെന്ന് പ്രവചനം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ക്രൂഡോയില്‍ വില കുത്തനെ താഴേക്കു പോരുമോ. തീര്‍ച്ചയായും വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രവചിക്കുന്നത് അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷനും ധനകാര്യ സ്ഥാപനമായ ജെ പി മോര്‍ഗനുമാണ്. ഇപ്പോള്‍ ബാരലിന് അറുപത്തഞ്ചു ഡോളര്‍ നിരക്കില്‍ ഏറക്കുറേ മാറ്റമില്ലാതെ നില്‍ക്കുന്ന ക്രൂഡോയില്‍ വില അടുത്തവര്‍ഷം താഴ്ന്ന് 52 ഡോളറാകുമെന്ന് യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുമ്പോള്‍ ജെ പി മോര്‍ഗന്‍ അത്ര തന്നെ പോകുന്നില്ല. ബാരലിന് 58 ഡോളറായി താഴുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇങ്ങനെ സംഭവിക്കുമെങ്കില്‍ ഇന്ധനാവശ്യത്തിനായി ക്രൂഡോയില്‍ ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങള്‍ക്ക് അതു വലിയൊരു ആശ്വാസമായി മാറുമെന്നുറപ്പ്. ഇറക്കുമതിച്ചെലവില്‍ വലിയൊരു ലാഭം നേടുന്നതിലൂടെ വിദേശനാണ്യത്തിന്റെ വലിയൊരു ചെലവ് ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ഇങ്ങനെ കുറയുന്ന വിലയുടെ മെച്ചം ഉപഭോക്താക്കള്‍ക്കു കൈമാറാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തയാറാകുമോയെന്നു കാത്തിരുന്നു തന്നെ കാണണം. കാരണം, വിലയില്‍ കുറവുണ്ടാകുന്ന മെച്ചം ജനങ്ങളിലേക്കു കൈമാറാന്‍ ഇവിടെ ഗവണ്‍മെന്റ് തയാറാകാത്തതാണ് പതിവു രീതി.