വിശാഖപട്ടണത്ത് സമുദ്രവിസ്മയം: ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ 2026

വിശാഖപട്ടണം: സമുദ്രസുരക്ഷയിലും അന്താരാഷ്ട്ര സഹകരണത്തിലും ഇന്ത്യയുടെ കരുത്ത് വിളംബരം ചെയ്തുകൊണ്ട് വിശാഖപട്ടണം തീരത്ത് നടന്ന ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ (IFR) 2026 ശ്രദ്ധേയമായി. 74 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതിയും സായുധ സേനകളുടെ പരമോന്നത മേധാവിയുമായ ശ്രീമതി ദ്രൗപതി മുർമു കപ്പൽവ്യൂഹത്തെ അഭിസംബോധന ചെയ്തു. തദ്ദേശീയമായി നിർമ്മിച്ച ഓഫ്‌ഷോർ പട്രോൾ വെസ്സലായ ഐ.എൻ.എസ് സുമേധയെ (INS Sumedha) ആണ് രാഷ്ട്രപതിയുടെ ഔദ്യോഗിക യാതമായി (Presidential Yacht) ഇതിനായി ഉപയോഗിച്ചത്.

ബംഗാൾ ഉൾക്കടലിൽ അണിനിരന്ന 85 കപ്പലുകളെ രാഷ്ട്രപതി സന്ദർശിച്ചു. ഇതിൽ ഇന്ത്യൻ നാവികസേനയുടെ 60 കപ്പലുകളും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 4 കപ്പലുകളും ഉൾപ്പെടുന്നു. കൂടാതെ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള 19 അത്യാധുനിക യുദ്ധക്കപ്പലുകളും ഈ അന്താരാഷ്ട്ര നിരയിൽ അണിനിരന്നു. ഇന്ത്യൻ നാവികസേനയുടെ 3 അന്തർവാഹിനികളും തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തും പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു.

നാവിക എയർ ആമിന്റ കരുത്ത് വിളിച്ചോതുന്നതായിരുന്നു വിമാനങ്ങളുടെ ഫ്ലൈ-പാസ്റ്റ്. മിഗ്-29കെ (MiG-29K) പോർവിമാനങ്ങൾ അമ്പുപോലെ കുതിക്കുന്ന ആരോ (Arrow) ഫോർമേഷനിൽ ആകാശത്ത് അണിനിരന്നു. ഹോക്ക് വിമാനങ്ങളുടെ സാഹസിക അഭ്യാസങ്ങളും ഹെലികോപ്റ്ററുകളുടെ പ്രകടനവും കാണികളെ വിസ്മയിപ്പിച്ചു. സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷനുകൾ, പരേഡ് ഓഫ് സെയിൽസ് എന്നിവയുടെ തത്സമയ പ്രദർശനം നാവികസേനയുടെ പ്രവർത്തനക്ഷമത തെളിയിക്കുന്നതായിരുന്നു.

‘സമുദ്രങ്ങളിലൂടെ ഒന്നാകാം’ (United Through Oceans) എന്ന സന്ദേശത്തിലൂന്നിയാണ് ഇത്തവണത്തെ ഫ്ലീറ്റ് റിവ്യൂ നടന്നത്. സമുദ്ര മേഖലയിലെ ഇന്ത്യയുടെ വളർന്നുവരുന്ന സ്വാധീനത്തെയും ലോകരാജ്യങ്ങൾക്കിടയിലുള്ള വിശ്വാസ്യതയെയും ഈ ദൗത്യം അടയാളപ്പെടുത്തി. ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൽ നസീർ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *