മൂന്നാമത് അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയ്ക്ക് ഏറെ ആവേശത്തോടെ ഡല്‍ഹിയില്‍ തുടക്കം കുറിച്ചു.മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്.വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരായ് കാലേ ഖാനിലുള്ള ‘ബാന്‍സേര’ ബാംബൂ പാര്‍ക്കിലാണ് മേള നടക്കുന്നത്. യമുനാ നദിക്കരയിലുള്ള മനോഹരമായ ഈ പാര്‍ക്ക് ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ച ഇടമാണ്.
ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയും ചടങ്ങില്‍ പങ്കെടുത്തു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ, അമേരിക്ക, ജപ്പാന്‍, കൊളംബിയ,തായ്ലന്‍ഡ് തുടങ്ങിയ 15-ലധികം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ പട്ടം പറത്തല്‍ വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
എയര്‍ ബലൂണ്‍ പട്ടങ്ങള്‍, രാത്രിയില്‍ പറക്കുന്ന എല്‍.ഇ.ഡി (LED) പട്ടങ്ങള്‍, വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും രൂപത്തിലുള്ള ഭീമാകാരമായ പട്ടങ്ങള്‍ എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്.പട്ടം പറത്തലിന് പുറമെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടന്‍ കലാരൂപങ്ങളും സംഗീത പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം.വിവിധ സംസ്ഥാനങ്ങളിലെ തനത് വിഭവങ്ങള്‍ ലഭിക്കുന്ന വിപുലമായ ഭക്ഷണശാലകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കായി പട്ടം നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്ന പ്രത്യേക വര്‍ക്ക്‌ഷോപ്പുകളും മേളയിലുണ്ട്.പക്ഷികള്‍ക്കും പരിസ്ഥിതിക്കും ദോഷകരമായ ‘ചൈനീസ് മാഞ്ച’ (മെറ്റാലിക് നൂലുകള്‍) മേളയില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദമായ നൂലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

