ന്യൂഡൽഹി: ഐപിഎൽ എട്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ സ്ലോ പിച്ചിൽ സൂര്യകുമാർ യാദവ് (51), രോഹിത് ശർമ (35) എന്നിവരുടെ പ്രകടനമാണ് മുംബൈയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ട മുംബൈയ്ക്ക് റയാൻ റിക്കൽട്ടൺ (2), തിലക് വർമ്മ (2) എന്നിവരെ വേഗത്തിൽ നഷ്ടമായി. മുകേഷ് കുമാറാണ് മുംബൈയുടെ ടോപ്പ് ഓർഡറിനെ വിറപ്പിച്ചത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമയും സൂര്യകുമാർ യാദവും 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. 26 പന്തിൽ 35 റൺസെടുത്ത രോഹിത്തിനെ അക്സർ പട്ടേൽ പുറത്താക്കി.മറുഭാഗത്ത് ഉറച്ചുനിന്ന സൂര്യകുമാർ യാദവ് 36 പന്തിൽ നിന്ന് 51 റൺസ് നേടി ഇന്നിംഗ്സിന്റെ നട്ടെല്ലായി. സൂര്യകുമാർ പുറത്തായ ശേഷം അവസാന ഓവറുകളിൽ നമൻ ധീറും (28), കോർബിൻ ബോഷും (17*) ചേർന്ന് നടത്തിയ ബാറ്റിംഗാണ് സ്കോർ 160 കടത്തിയത്.ഡൽഹിക്കായി മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലുങ്കി എൻഗിഡി, അക്സർ പട്ടേൽ, വിപ്രാജ് നിഗം, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് സമീർ റിസ്‌വി (45), പാതും നിസങ്ക (44) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ വിജയലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. നിലവിൽ 11 ഓവർ പിന്നിടുമ്പോൾ ഡൽഹി 3 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെന്ന നിലയിലാണ്.

