ബംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആവേശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 43 റൺസിന്റെ തകർപ്പൻ വിജയം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 250 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 19.4 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി.
ആർസിബിക്ക് വേണ്ടി ടിം ഡേവിഡ് വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 25 പന്തുകളിൽ നിന്ന് താരം 70 റൺസ് അടിച്ചുകൂട്ടി. ദേവ്ദത്ത് പടിക്കൽ (50), രജത് പാട്ടിദാർ (48) എന്നിവരും ബാറ്റിംഗിൽ മികച്ച സംഭാവനകൾ നൽകി. ചെന്നൈ നിരയിൽ 50 റൺസെടുത്ത സർഫറാസ് ഖാൻ മാത്രമാണ് അല്പമെങ്കിലും പോരാട്ടം നയിച്ചത്.
ബംഗളൂരുവിനായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ജേക്കബ് ഡഫി, അഭിനന്ദൻ സിംഗ്, ക്രുണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ചെന്നൈയ്ക്ക് വേണ്ടി ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ രണ്ട് ജയങ്ങളുമായി ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം, സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്സ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ ഒരു സീസണിലെ ആദ്യ മൂന്ന് കളികളും തുടർച്ചയായി തോൽക്കുന്നത്.

