ജെറുസലേം: അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിനെ ഇസ്രായേൽ പിന്തുണച്ചതിന് പിന്നാലെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷവിമർശനവുമായി ഇസ്രായേൽ പ്രതിപക്ഷം രംഗത്ത്. ഈ വെടിനിർത്തൽ കരാർ ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ-തന്ത്രപരമായ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ദേശീയ സുരക്ഷയെ ബാധിക്കുന്ന നിർണ്ണായകമായ തീരുമാനങ്ങൾ എടുത്തപ്പോൾ ഇസ്രായേലിന് ചർച്ചകളിൽ ഒരു പങ്കും ഉണ്ടായിരുന്നില്ലെന്ന് ലാപിഡ് ആരോപിച്ചു. “നമ്മുടെ ചരിത്രത്തിൽ ഇത്തരമൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല” എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പ്രതികരിച്ചത്.
യുദ്ധത്തിൽ സൈന്യം തങ്ങൾക്ക് നൽകിയ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റുകയും ജനങ്ങൾ അസാമാന്യമായ കരുത്ത് കാട്ടുകയും ചെയ്തു. എന്നാൽ, നെതന്യാഹു മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ ഒന്നുംതന്നെ രാഷ്ട്രീയമായോ തന്ത്രപരമായോ കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.നെതന്യാഹുവിന്റെ അഹങ്കാരവും അശ്രദ്ധയും കൃത്യമായ പ്ലാനിംഗിന്റെ അഭാവവും രാജ്യത്തിന് വലിയ നാശനഷ്ടങ്ങൾ വരുത്തിവെച്ചു. ഇത് പരിഹരിക്കാൻ വർഷങ്ങൾ എടുക്കുമെന്നും യെയർ ലാപിഡ് പറഞ്ഞു.ഡെമോക്രാറ്റ് പാർട്ടി നേതാവ് യെയർ ഗോളനും കരാറിനെതിരെ രംഗത്തെത്തി. നെതന്യാഹു ജനങ്ങളോട് വാഗ്ദാനം ചെയ്ത ‘ചരിത്ര വിജയം’ വെറും കള്ളമാണെന്നും ഇസ്രായേൽ കണ്ട ഏറ്റവും വലിയ സുരക്ഷാ പാളിച്ചയാണിതെന്നും അദ്ദേഹം വിമർശിച്ചു.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. എന്നാൽ ഈ വെടിനിർത്തൽ കരാർ ലെബനനിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്നും ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികൾ തടയുക എന്നതായിരുന്നു ഇസ്രായേലിന്റെ പ്രധാന ലക്ഷ്യമെങ്കിലും, പുതിയ വെടിനിർത്തൽ കരാറിൽ ഇത്തരം സുപ്രധാന കാര്യങ്ങളിൽ വ്യക്തതയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

