അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. അബുദാബിയിലെ സ്വൈഹാനിലാണ് (Sweihan) ആക്രമണമുണ്ടായത്. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ പൗരനാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ യുഎഇ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർത്തിരുന്നു. എന്നാൽ ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതാണ് മരണത്തിനും നാശനഷ്ടങ്ങൾക്കും കാരണമായത്.ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റ മറ്റ് രണ്ടുപേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് മേഖലയിലെ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മേഖലയിലെ സംഘർഷം രൂക്ഷമായതിനുശേഷം യുഎഇയിൽ ഇറാൻ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ഇതോടെ 11 ആയി ഉയർന്നു. ഇതിൽ മൂന്നുപേർ സൈനികരാണ്.മിസൈൽ ആക്രമണ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം രാവിലെ തന്നെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം: ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു

