ഇറാൻ മിസൈൽ പദ്ധതി: ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് നെതന്യാഹു വാഷിങ്ടണിൽ; സമ്മർദ്ദം ശക്തമാക്കാൻ ഇസ്രായേൽ

വാഷിങ്ടൺ: ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളിൽ അമേരിക്ക കൂടുതൽ കർശന നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് വൈറ്റ് ഹൗസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഒമാനിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ അടിയന്തര സന്ദർശനം.

ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചകളിൽ അവരുടെ ആണവ പദ്ധതികൾക്ക് പുറമെ ബാലിസ്റ്റിക് മിസൈൽ നിർമ്മാണവും ചർച്ചാവിഷയമാക്കണമെന്ന് നെതന്യാഹു ട്രംപിനോട് ആവശ്യപ്പെടും. ഇറാന്റെ മിസൈൽ ശേഷിയെക്കുറിച്ചുള്ള പുതിയ ഇന്റലിജൻസ് റിപ്പോർട്ടുകളും അദ്ദേഹം ട്രംപിന് കൈമാറുമെന്നാണ് സൂചന. വെറും ആണവ കരാറിനേക്കാൾ ഉപരിയായി മേഖലയിലെ ഇറാന്റെ സൈനിക സ്വാധീനം കുറയ്ക്കുന്ന കരാറിനായാണ് ഇസ്രായേൽ വാദിക്കുന്നത്.

ഇറാനുമായുള്ള ചർച്ചകൾ ‘വളരെ മികച്ചതാണെന്ന്’ ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും, ഇറാന്റെ മിസൈൽ പരീക്ഷണങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ഇസ്രായേലിന്റെ നിലപാട് ചർച്ചകളെ എങ്ങനെ ബാധിക്കുമെന്ന് ലോകം ഉറ്റുനോക്കുന്നു. അതിനിടെ, തങ്ങളുടെ മിസൈൽ പദ്ധതികൾ പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്നും അവ ചർച്ചാവിഷയമാക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഗസ്സയിലെ വെടിനിർത്തൽ നടപടികൾക്ക് ശേഷം 2025-ൽ ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിൽ പിന്നെ ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്.

Leave a Reply

Your email address will not be published. Required fields are marked *