പ്രക്ഷോഭങ്ങളോടുള്ള ഇറാന് ഭരണകൂടത്തിന്റെ പ്രതികരണം കൂടുതല്‍ കര്‍ക്കശമായി തുടരുകയാണ്. പ്രതിഷേധക്കാരെ ‘ദൈവത്തിന്റെ ശത്രുക്കള്‍’ എന്ന് മുദ്രകുത്തി കടുത്ത നടപടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട 26 വയസുകാരനായ ഇര്ഫാന് സുല്‍ത്താനിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു’ എന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.മറ്റു പ്രതിഷേധക്കാര്‍ക്കും സമാനമായ വിധി ഉണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പാണ് ഭരണകൂടം ഇതിലൂടെ നല്‍കുന്നത്.
പ്രക്ഷോഭത്തിന് പിന്നില്‍ വിദേശ ശക്തികളാണെന്നും, പ്രതിഷേധം ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനമായി മാറിയെന്നുമാണ് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്.
അതേ സമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ ഇറാന് പുച്ഛിച്ചുതള്ളി. അമേരിക്ക സ്വന്തം സൈനികരുടെ സുരക്ഷ നോക്കിയാല്‍ മതിയെന്നും, ഏത് ആക്രമണത്തെയും നേരിടാന്‍ ഇറാന് തയ്യാറാണെന്നും ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി.
രാജ്യത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ട് 108 മണിക്കൂര്‍ പിന്നിട്ടു. സുരക്ഷ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുന്നത് വരെ ആഗോള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകില്ലെന്ന് ഇറാന്റെ സൈബര്‍ അതോറിറ്റി അറിയിച്ചു.നിലവില്‍ ബാങ്കിംഗ്, ഷോപ്പിംഗ് തുടങ്ങിയ അത്യാവശ്യ സേവനങ്ങള്‍ക്കായി രാജ്യത്തിന് അകത്തുള്ള ‘നാഷണല്‍ ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക്ക്’ (NIN) മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

