ടെഹ്റാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളി. യുദ്ധത്തിൽ നേരിട്ട തിരിച്ചടികൾ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണ് യുഎസ് നടത്തുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇറാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.കുവൈറ്റിലെ ബുബിയാൻ ദ്വീപിലുള്ള അമേരിക്കൻ സൈനിക ഡിപ്പോയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് നയതന്ത്ര നീക്കങ്ങൾ യുഎസ് ശക്തമാക്കിയത്. ഇറാൻ വെടിനിർത്താൻ ആവശ്യപ്പെട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളുകയും ചെയ്തു. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയം. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയാൽ വെടിനിർത്തൽ പരിഗണിക്കാമെന്ന് ട്രംപ് അറിയിച്ചിരുന്നുവെങ്കിലും ഇറാൻ ഇത് നിരസിച്ചു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ തുടരുകയാണ്.
അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ; ഡിമാൻഡുകൾ അംഗീകരിക്കാനാവില്ലെന്ന് നിലപാട്

