തെഹ്റാൻ: അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. മധ്യ ഇറാനിലെ ആകാശത്ത് വെച്ചാണ് വിമാനം തകർത്തതെന്നും ഇറാൻ വിപ്ലവ ഗാർഡ് (IRGC) അറിയിച്ചതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് അതിക്രമിച്ചു കടന്ന യുഎസ് യുദ്ധവിമാനം പുതിയ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പൂർണ്ണമായും തകർത്തുവെന്നാണ് ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
വെടിവെച്ചിട്ട വിമാനത്തിന്റെ പൈലറ്റ് രക്ഷപ്പെടാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തകർന്ന വിമാനത്തിന്റെ ഭാഗങ്ങളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.
ഇറാന്റെ ഈ അവകാശവാദത്തോട് അമേരിക്കൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.യുദ്ധം ആരംഭിച്ചതിന് ശേഷം ഇത് രണ്ടാമത്തെ എഫ്-35 വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാൻ അവകാശപ്പെടുന്നുണ്ട്. ആദ്യത്തെ സംഭവത്തിലും യുഎസ് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ പുതിയ അവകാശവാദം പുറത്തുവരുന്നത്.

